English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

ആയിരത്താണ്ടുകളുടെ പഴക്കമുള്ളൊരു കാര്‍ഷിക സംസ്കാരം ഈ നാടിനുണ്ട്. ക്രിസ്തുവിനു മുമ്പ് മൂന്നാം ശതകത്തിലെ ജൈനബുദ്ധമതങ്ങളുടെ കുടിയേറ്റകാലത്തിന്റെ അവശിഷ്ടങ്ങളും, കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കീഴ്മലൈനാടിന്റെ തലസ്ഥാന പരിവേഷവും, കോട്ടകൊത്തളങ്ങളുടെ അവശിഷ്ടങ്ങളും വിളിച്ചോതുന്നത് ഇവിടെ ഒരുകാലത്തുണ്ടായിരുന്നതും, പില്‍ക്കാലത്തെന്നോ മണ്ണടിഞ്ഞു പോയതുമായൊരു മനുഷ്യസംസ്കൃതിയുടെ ചരിത്രമാണ്. സാമൂഹിക ജീവിതത്തിന്റെ സിരാകേന്ദ്രം പണ്ടുകാലത്ത് ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളുമായിരുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ കേരളത്തെ ഭരണ സൌകര്യത്തിനു വേണ്ടി വേണാട്, ഓടനാട്, നന്‍ട്രുഴൈനാട്, മഞ്ചുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട് എന്നിങ്ങനെ വിവിധ പ്രവിശ്യകളായി വിഭജിച്ചിരുന്നു. ഇതില്‍ കീഴ്മലൈനാട്ടില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു തൊടുപുഴ. കീഴ്മലൈനാട് എ.ഡി 1600 വരെ നിലനിന്നു. എ.ഡി 1600-ല്‍ വടക്കുംകൂറുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കീഴ്മലൈനാട് മുഴുവന്‍ വടക്കുംകൂറിന്റെ അധീനതയിലായി. 1750-കളില്‍ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ ആക്രമിച്ച് കീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിത്തീര്‍ത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി അവസാനിക്കുന്നതുവരെ ക്ഷേത്രങ്ങളില്‍ കയറുന്നതില്‍ നിന്നും കീഴ്ജാതിക്കാരെയും അവര്‍ണ്ണരെയും അയിത്തം കല്‍പിച്ച് അകറ്റി നിറുത്തിയിരുന്നു. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ടക്കാലത്ത് രൂപംകൊണ്ട വഴിത്താരകളും, വനങ്ങള്‍ വെട്ടിനശിപ്പിച്ചതിന്റെ ശേഷിപ്പുകളായ കൂപ്പുറോഡുകളും കാലാന്തരത്തില്‍ വികാസം പ്രാപിച്ചുണ്ടായതാണ് ഇന്നത്തെ പല റോഡുകളും. 1916-17 കാലത്ത് രാജനിര്‍ദ്ദേശാനുസരണം ഇതുവഴി ഒരു മൂന്നടിപ്പാത നിര്‍മ്മിക്കപ്പെട്ടു. ദശകങ്ങള്‍ക്കു മുമ്പ് സമ്പന്നര്‍ സഞ്ചരിക്കുന്നതിനായി വില്ലുവണ്ടികള്‍ ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് പഴയ വഴികള്‍ പലതും പൂര്‍ണ്ണമായും ടാറിട്ട റോഡുകളായി മാറി. തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതിരുന്നതുകൊണ്ട് അറ്റകുറ്റപ്പണികള്‍ യഥാസമയം നടന്നിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അനുരണനങ്ങള്‍ തുടക്കം മുതല്‍ തന്നെ ഈ പ്രദേശത്തും ദൃശ്യമായിരുന്നു. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുന്നതിനു മുമ്പ്, ഒട്ടേറെ കുടിപ്പള്ളിക്കൂടങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നു. മലയാളം പ്രൈമറി സ്ക്കൂള്‍ , പെണ്‍കുട്ടികള്‍ക്കു വേണ്ടി തുടങ്ങിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ , 1911-ല്‍ തുടങ്ങിയ തൊടുപുഴ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ എന്നിവയാണ് ഇവിടുത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ . കുടിപ്പള്ളിക്കൂടങ്ങളും 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങളും റാണി ഗൌരിഭായിയുടെ 1819-ലെ വിദ്യാഭ്യാസ വിളംബരവും മറ്റും വരുത്തിയ ഉണര്‍വ്വ് ഈ പ്രദേശത്ത് വിദ്യാഭ്യാസ മുന്നേറ്റത്തിന് വിത്തു പാകിയ ഘടകങ്ങളാണ്. തൊടുപുഴയിലെ ജനങ്ങള്‍ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. അതില്‍ പ്രധാനിയായ പാലപ്പിള്ളി കൃഷ്ണപിള്ള എന്ന് അറിയപ്പെടുന്ന റ്റി.എസ്.കൃഷ്ണപിള്ള എ.കെ.ഗോപാലനോടൊപ്പം ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ചേനക്കര നാരായണപിള്ള, താനത്താളില്‍ കുഞ്ഞുരാമന്‍ വൈദ്യര്‍ തുടങ്ങിയവരെല്ലാം ഇവിടെ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളാണ്. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് ഒട്ടേറെ പ്രക്ഷോഭങ്ങള്‍ തൊടുപുഴയില്‍ നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് വാളണ്ടിയര്‍മാരായ നാരായണ പിള്ള, റ്റി.ഡി ദേവസ്യ എന്നിവരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ തൊപ്പിപ്പാള ധരിച്ചുകൊണ്ട് ജാഥ നടത്തി പ്രതിഷേധിച്ചു. ഈ ജാഥ പിന്നീട് ‘തൊപ്പിപ്പാള ജാഥ’ എന്ന പേരില്‍ പ്രസിദ്ധമായി. തൊടുപുഴ-കൂത്താട്ടുകുളം റോഡ്, പുനലൂര്‍ - മൂവാറ്റുപുഴ റോഡ്, തൊടുപുഴ-പാല റോഡ് എന്നിവയാണ് തൊടുപുഴയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍ . 1927-ലാണ് തൊടുപുഴയാറിനു കുറുകെ ഇരുമ്പ് ഗര്‍ഡറില്‍ തടിപ്പാലം നിര്‍മ്മിച്ചത്. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, കരികോട് ഭഗവതി ക്ഷേത്രം, മുതലിയാര്‍ മഠം ക്ഷേത്രം, അമരകാവ്, നൈനാര് പള്ളി, പഴയരി ജുമാ മസ്ജിദ്, സെന്റ് ജോര്‍ജ്ജ് ദേവാലയം, ചുങ്കം സെന്റ് മേരീസ് ഫെറോനാ ചര്‍ച്ച്, സെന്റ് മൈക്കിള്‍സ് ചര്‍ച്ച് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍ .