ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കിലാണ് തൊടുപുഴ നഗരസഭ സ്ഥിതി ചെയ്യുന്നത്. തൊടുപുഴ വില്ലേജില്‍ മുഴുവനായും, മണക്കാട്, കുമാരമംഗലം, കോടികുളം എന്നീ വില്ലേജുകളില്‍ ഭാഗികമായും വ്യാപിച്ചുകിടക്കുന്ന തൊടുപുഴ നഗരസഭയ്ക്ക് 35.43 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കുമാരമംഗലം, കോടികുളം, മഞ്ഞള്ളൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കോടികുളം പഞ്ചായത്തും, തെക്കുഭാഗത്ത് കരിങ്കുന്നം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കരിങ്കുന്നം, പുറപ്പുഴ, മണക്കാട് എന്നീ പഞ്ചായത്തുകളുമാണ് തൊടുപുഴ നഗരസഭാ പ്രദേശത്തിന്റെ അതിരുകള്‍ . ഭൂപ്രകൃതി അനുസരിച്ച് തൊടുപുഴ പട്ടണത്തെ ഉയര്‍ന്ന പാറക്കെട്ടുകള്‍ , കുന്നുകള്‍ , സമതലങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ചെരിവുള്ള പ്രദേശങ്ങളില്‍ ചെമ്മണ്ണും, നിരന്ന പ്രദേശങ്ങളില്‍ ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണും സമതലങ്ങളില്‍ എക്കല്‍ മണ്ണുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍ . ഇടുക്കി ജില്ലയിലെ ഏക നഗരസഭയാണ് തൊടുപുഴ. ഒരേ സമയം ഇടുക്കി ജില്ലയുടെയും, കോട്ടയം ജില്ലയുടെയും, എറണാകുളം ജില്ലയുടെയും സാംസ്കാരിക സവിശേഷതകള്‍ പേറുന്ന പ്രദേശമാണിവിടം. വ്യാവസായികമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രമുഖ മലഞ്ചരക്ക് വ്യാപാരകേന്ദ്രമാണ് മലയോര പട്ടണമായ തൊടുപുഴ. മഴക്കാലത്ത് മലമേഖലകളില്‍ നിന്നും കുത്തിയൊഴുകിയെത്തുന്ന ജലപ്രവാഹത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകാറുണ്ടായിരുന്ന തോട് കാലക്രമേണ നദിയായി രൂപാന്തരപ്പെട്ടതില്‍ നിന്നും ഈ പ്രദേശം “തോടുപുഴ” എന്ന് വിളിക്കപ്പെടുകയും പില്ക്കാലത്ത് സ്ഥലനാമപദം ലോപിച്ച് തൊടുപുഴ എന്നായി മാറുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. പുഴ തൊട്ടൊഴുകുന്ന സ്ഥലം എന്നതില്‍ നിന്നാണ് തൊടുപുഴ എന്ന പേര് ഉണ്ടായതെന്ന് മറ്റൊരു നിഗമനവും കേള്‍ക്കുന്നുണ്ട്. എന്തായാലും തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് തൊടുപുഴയാര്‍ ഒഴുകുന്നത്. 1978 സെപ്റ്റംബര്‍ 1-ാം തീയതിയാണ് തൊടുപുഴ മുനിസിപ്പാലിറ്റി രൂപീകൃതമായത്. 1988-ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. അഡ്വ: എന്‍ ചന്ദ്രന് ആയിരുന്നു പ്രഥമ നഗരസഭാധ്യക്ഷന്‍ .